പ്ലാസ്റ്റിക്കിനെപ്പറ്റി ചിലകാര്യങ്ങൾ , സജീവ് മണക്കാട്ടുപുഴ

പരിസ്ഥിതി പ്രവർത്തകനും ഡോക്കുമെന്ററി സംവിധായകനുമായ ഡേവിഡ് അറ്റെൻബെറോയുടെ ബ്ലൂ പ്ലാനെറ് എന്ന ഡോക്കുമെന്ററിയിൽ ഒരു രംഗം ഇതാണ്……ഭക്ഷണം തേടി അലഞ്ഞുനടന്ന ഒരു ആൽബട്രോസ് പക്ഷി കണ്ണിൽ പെട്ട വസ്തു ഭക്ഷണപദാർത്ഥമെന്നു കരുതി കൊത്തിയെടുത്ത് കുഞ്ഞിന്റെ വായ്ക്കുള്ളിൽ പകർന്നുനൽകി, പക്ഷെ അത് ഭക്ഷ്യയോഗ്യമായ വസ്തുവായിരുന്നില്ല, ഒരു പ്ലാസ്റ്റിക് നിർമിത പല്ലിടകുത്തി ആയിരുന്നു, പക്ഷിക്കുഞ്ഞ് ചത്തുപോയി എന്നതാണ് പരിണാമഗുപ്തി. ഇത് അടുത്തിടെ ഞാൻ എവിടെയോ വായിച്ചതാണ്, പക്ഷിയുടെ ജീവനെടുത്തത് പ്ലാസ്റ്റിക് ആയിരുന്നു ! സെപ്റ്റംബർ 30 മുതൽ 75 മൈക്രോണിൽ കുറഞ്ഞ ഭാരമുള്ള പ്ലാസ്റ്റിക് കാരിബാഗുകൾ രാജ്യമാകെ നിരോധിച്ച് ഉത്തരവായ വാർത്ത വായിക്കുമ്പോഴാണ് ഈ കഥ ഓർമയിൽ ഓടിയെത്തിയത്. ഈ മരണം അപൂർവമല്ല, പ്ലാസ്റ്റിക് ഉള്ളിൽ ചെന്ന് ജീവൻ നഷ്ടപ്പെടുന്ന അനേകം ജീവജാലങ്ങൾ ഭൂമുഖത്തുണ്ട് എന്നതാണ് സത്യം. കരയിലെയും ജലാശയങ്ങളിലെയും ജീവനുകളെ അപകടത്തിലാക്കുന്നവയാണ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ. പക്ഷികൾ, മൃഗങ്ങൾ, സമുദ്രജീവികൾ, തുടങ്ങിയവ പ്ലാസ്റ്റിക് കാരിബാഗുകളെ ഭക്ഷണമെന്നു കരുതി ആഹരിക്കും. ഒരിക്കൽ ഉള്ളിലെത്തിയാൽ ദഹനവ്യവസ്ഥയെ അപ്പാടെ തകരാറിലാക്കുന്നതാണ് പ്ലാസ്റ്റിക്. ആരോഗ്യത്തെ ദോഷമായി ബാധിക്കും വിധം അണുബാധയുണ്ടാവുകയും ചെയ്യും, മരണം വരെ സംഭവിക്കാം. കടലിലെ ആമകളിലെ മരണത്തിൽ 35 ശതമാനവും സംഭവിക്കുന്നത് പ്ലാസ്റ്റിക് ഉള്ളിൽ ചെല്ലുന്നത് കാരണമായാണെന്ന് ഒരു പഠനം പറയുന്നു.2008 ൽ എ ബി സി ന്യൂസ്‌ സംപ്രേക്ഷണം ചെയ്ത ഒരു വാർത്തയിൽ ഒരു മുതലയെ പോസ്റ്റ്മോർട്ടം ചെയ്യേണ്ട സന്ദർഭത്തെ പ്പറ്റി പറയുന്നുണ്ട്, ആ സമയം അതിന്റെ വയറ്റിൽ നിന്നും 25 പ്ലാസ്റ്റിക് കാരിബാഗുകൾ കണ്ടെടുത്തുവത്രെ !

എന്താണ് പ്ലാസ്റ്റിക് :

പോളിമർ എന്ന വസ്തുകൊണ്ട് നിർമ്മിക്കുന്നവയാണ് പ്ലാസ്റ്റിക്. വളരെ ചെറിയ അനേകം തന്മാത്രകൾ കൂടിച്ചേർന്നുണ്ടാകുന്ന ഭീമൻ തന്മാത്രകളാണ് പോളിമെറുകൾ. ഇവയുടെ അടിസ്ഥാന യൂണിറ്റ് മോണോമെറുകൾ എന്നറിയപ്പെടുന്നു. പോളിമെറുകളുടെ തന്മാത്രാ ഭാരം പതിന്മടങ്ങാണ്.പോളിമെറുകളുടെ തന്മാത്രാ വലിപ്പം കൂടുതലായതിനാൽ അന്തരീക്ഷ ഘടകങ്ങൾക്കോ വെള്ളത്തിനോ സാധാരണ രാസവസ്തുക്കൾക്കോ പ്ലാസ്റ്റിക്കിനെ ആക്രമിക്കാനാവില്ല. കാർബൺ, ഹൈഡ്രജൻ എന്നീ ആറ്റങ്ങൾ മാത്രം അടങ്ങിയ പോളിമർ ചങ്ങലയുടെ ഘടന പൊതുവെ താപത്തെ ചെറുക്കുകയും ദീർഘകാലം നിലനിൽക്കുകയും ചെയ്യും. പ്ലാസ്റ്റികിന്റെ ഈ ഗുണമാണ് ജീവജാലങ്ങൾക്ക് വലിയ ദോഷമാകുന്നത്.

പ്ലാസ്റ്റിക്കിന്റെ ചരിത്രം :

ജർമൻ രസതന്ത്രഞ്ജൻ ക്രിസ്ത്യൻ ഷോൺബൈൻ, തന്റെ രാസപരീക്ഷണങ്ങൾക്കിടെ അപ്രതീക്ഷിതമായി സെല്ലുലോസ് നൈട്രേറ്റ് കണ്ടെത്തിയത്തോടെയാണ് മനുഷ്യനിർമിത പ്ലാസ്റ്റിക്കിന്റെ ചരിത്രം തുടങ്ങുന്നത്. തുടർന്ന്, ബക്കലൈറ്റ് എന്ന പ്ലാസ്റ്റിക് ഹെൻറി ബേക്കലാൻഡ് എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഈ കണ്ടെത്തലോടെ പ്ലാസ്റ്റിക് യുഗം ആരംഭിച്ചു. മനുഷ്യനിർമിത പോളിമെറുകൾ കണ്ടെത്തപ്പെട്ടു.

പ്ലാസ്റ്റിക്കിന്റെ സവിശേഷതകൾ :

തന്മാത്രമാഭാരം അധികമുള്ള പോളിമർ ചങ്ങല തന്നെയാണ് പ്ലാസ്റ്റിക്കിന്റെ ശക്തി. ചൂടിനെയും രാസവസ്തുക്കളെയുമൊക്കെ ചെറുത്ത് ദീർഘനാൾ നിലനിൽക്കാൻ കഴിയുമെന്നത് അതിന്റെ ഏറ്റവും സവിശേഷ ഗുണം. മൃദുവാണ്, രൂപമാറ്റം നടത്താൻ കഴിയും വിധം വഴക്കമുണ്ട്, ഭാരക്കുറവ്, കൈകാര്യം ചെയ്യാനുള്ള എളുപ്പം, ഏതു രൂപത്തിലും പരിവർത്തിപ്പിക്കാം തുടങ്ങി സവിശേഷതകൾ ഏറെ. തുരുമ്പു ബാധിച്ച് ഇരുമ്പും മറ്റു ലോഹങ്ങളും വളരെവേഗം നശിക്കുമ്പോൾ പ്ലാസ്റ്റിക്കിന് ഇങ്ങനൊരു നാശനം സംഭവിക്കുന്നെയില്ല. എത്ര താഴ്ന്ന ഊഷ്മാവിലും ഉരുക്കി ഏത് രൂപത്തിലും വാർത്തെടുക്കാനും സാധിക്കും.വലിച്ചുനീട്ടാം, പല നിറങ്ങൾ നൽകി പല രൂപത്തിലാക്കാം, പൊതുവെ വിലക്കുറവാണ്, കാലങ്ങളോളം കേടാകാതെയിരിക്കും, ചില്ലുപോലെ ഉടഞ്ഞുപോകില്ല, ചൂടോ വൈദ്യുതിയോ കടത്തിവിടില്ല എന്നിങ്ങനെ പ്ലാസ്റ്റിക്കിന്റെ സവിശേഷതകൾ നിരവധിയാണ്.

നിരോധനം നിലവിൽ വരുമ്പോൾ :

75 മൈക്രോണിൽ കുറഞ്ഞ ഭാരമുള്ള പ്ലാസ്റ്റിക് കാരിബാഗുകൾക്കും,60 ജി എസ് എമ്മിൽ ( ഗ്രാം പേർ സ്ക്വയർ മീറ്റർ ) കുറഞ്ഞ നോൺ വുമൺ ബാഗുകൾക്കുമാണ് രാജ്യമാകെ നിരോധനം ഏർപ്പെടുത്തിരിക്കുന്നത്. കേരളത്തിൽ 2020 ജനുവരി മുതൽ തന്നെ സമ്പൂർണ നിരോധനം നിലവിലുണ്ട്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളെല്ലാം അടുത്ത ജൂലൈ ഒന്നുമുതൽ പൂർണമായി നിരോധിക്കുകയാണ് രാജ്യമെങ്ങും.

എന്തുകൊണ്ട് നിരോധനം?

പ്ലാസ്റ്റിക് കാരിബാഗുകളും, മറ്റും നിരോധിക്കണമെന്ന തീരുമാനത്തിന് പിന്നിൽ നിരവധി കാരണങ്ങൾ പറയാനുണ്ട്. പ്രഥമമായും പറയേണ്ടത് അവ ജലത്തെ മാത്രമല്ല ഭൂമിയെയും മലിനമാക്കുന്നു എന്നതാണ്. ഭാരം നന്നേ കുറവുള്ള ഇവ വെള്ളത്തിലൂടെയും കാറ്റിലും എത്രദൂരത്തേക്കും സഞ്ചരിക്കും, സഞ്ചാരത്തിനിടെ മരങ്ങൾക്കും മറ്റും ഇടയിൽ തട്ടിനിൽക്കും. ജലാശയങ്ങളിൽ ഒഴുകിനടക്കും. വീണ്ടും പുതുക്കിഎടുക്കാൻ കഴിയാത്ത (non renewable )വസ്തുക്കളിൽ നിന്നാണല്ലോ പ്ലാസ്റ്റിക് ബാഗുകൾ നിർമ്മിക്കുന്നത്, കൂടുതൽ പ്ലാസ്റ്റിക്കുകളും നിർമിച്ചിരിക്കുന്നത് പോളി പ്രോപ്പയ്‌ലീൻ കൊണ്ടാണ്, ഇതാവട്ടെ, പെട്രോളിയം പ്രകൃതി വാതകം എന്നിവയിൽനിന്നും നിർമിക്കുന്ന വസ്തുവത്രെ.പുതുക്കിയെടുക്കാൻ സാധിക്കാത്ത ഇന്ധനാധിഷ്ഠിത വസ്തുക്കളുടെ വേർതിരിക്കലും നിർമാണവും കാരണം ഹരിത ഗൃഹവാതകങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടാം,ഇവയാകട്ടെ ആഗോള കാലവസ്ഥാ വ്യതിയാനങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യും.പ്ലാസ്റ്റിക് ബാഗുകൾ നിർമിക്കാൻ ഏറെ ഊർജം അനിവാര്യമാണ്, ഒരു കാർ ഒരു കിലോമീറ്റർ ഓടിക്കുന്നതിന് ആവശ്യമായ ഊർജത്തിന് സമമാണ് 9 പ്ലാസ്റ്റിക് ബാഗുകളുടെ നിർമാണത്തിൽ വേണ്ടിവരുന്നത് എന്ന അറിവ് നമ്മുടെ കണ്ണുതുറപ്പിക്കേണ്ട ഒന്നാണ്.

പെട്രോളിയം അധിഷ്ഠിത പ്ലാസ്റ്റിക് ബാഗുകൾ ഒരിക്കലും നശിക്കില്ല എന്ന് മനസ്സിലാക്കണം, മറിച്ച് സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ കാലക്രമേനെ ഇവ ചെറു കഷ്ണങ്ങളായി പൊടിയും എന്നതാണ്. പിന്നീട് മണ്ണിന്റെ ഉള്ളിലേക്കേത്തും, തുടർന്ന് സമുദ്രത്തിലേക്കും. അവിടെയുള്ള ജീവികൾ ഇവ കഴിച്ചേക്കാം. ഒരു പഠനമനുസരിച്ച് ഏകദേശം 46, 000 നും 1,000,000 നുമിടയിൽ ഇത്തരം പ്ലാസ്റ്റിക്കിന്റെ ചെറു പൊടികൾ ലോകത്തെ സമുദ്രങ്ങളുടെ ഓരോ സ്ക്വയർ മൈൽ ദൂരത്തിലും ഒഴുകിനടക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം. വിഷകരമായ രാസവസ്തുക്കളാണ് പ്ലാസ്റ്റിക് കാരി ബാഗുകളിൽ അടങ്ങിയിരിക്കുന്നത്. ഇവയിൽ നിന്നും പുറത്തുവരുന്ന ചില രാസവസ്തുക്കൾക്ക് നമ്മുടെ ശരീരത്തിലെ ഹോർമോണുകളെ പോലെ തോന്നിക്കാൻ സാധിക്കുമെന്ന് പാരിസ്ഥിതീക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവ ശരീരത്തിനുള്ളിലെത്തിയാൽ ഹോർമോൺ അസന്തുലിതാവസ്ഥ സൃഷ്ടിക്കും, സ്വാഭാവികമായും അത് ആരോഗ്യത്തെ ബാധിക്കുമല്ലോ. വന്യ ജീവികൾക്കും സമുദ്രജീവികൾക്കും ആപത്തുണ്ടാവും. പ്ലാസ്റ്റിക് വലിയ തോതിൽ ജീവികൾ അകത്താക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 2050 ആകുമ്പോഴേക്കും നമ്മുടെ സമുദ്രങ്ങളിൽ മത്സ്യങ്ങളെക്കാൾ കൂടുതൽ പ്ലാസ്റ്റിക്കുകളാവും എന്നാണ് അനുമാനിക്കപ്പെടുന്നത്.

ഇവയിൽനിന്നുള്ള പോളി ക്ളോറിനേറ്റഡ് ബൈ ഫിനൈൽ, പോളി സൈക്ലിക് ആരോമാറ്റിക് ഹൈഡ്രോ കാർബൺ എന്നീ രാസവസ്തുക്കൾ വലിയ മലിനകാരികളാണ്, ഇവ ഹോർമോൺ സന്തുലിതാവസ്ഥ തകർക്കുന്നവയാണ്. ഇവസമുദ്രജീവികളുടെ ഉള്ളിലെത്തിയാൽ, അതുവഴി നമ്മുടെ ശരീരത്തിലും എത്താനും കാൻസർ പോലെയുള്ള മാരക രോഗങ്ങൾ ഉണ്ടാവാനും സാധ്യത ഉണ്ട് എന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു. പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പരിസര മലിനികരണവും നിരോധനത്തിന്റെ മറ്റൊരു കാരണമാണ്. വലിയ പട്ടണങ്ങളായാലും ഗ്രാമപ്രദേശങ്ങളായാലും പാറിനടക്കുകയും മണ്ണിലും മരങ്ങളിലും വസ്തുക്കളിലും തടഞ്ഞും അടിഞ്ഞുകൂടിയും കിടക്കുന്ന ഇവ സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ലല്ലോ. വിവിധ രാജ്യങ്ങൾക്ക് ഇവയെ ഒഴിവാക്കി ശുചീകരണം നടത്തുന്നതിനൊക്കെ വലിയ ചെലവുണ്ടാകുന്നുണ്ട് എന്നതും വാസ്തവമാണ്. അമേരിക്കയിൽ ഒരു വീട്ടിൽ തന്നെ ഒരുവർഷം ശരാശരി 885 കാരിബാഗുകൾ ഉപയോഗിക്കുന്നതായി സർവ്വേ പറയുന്നു, ആഴ്ചയിൽ 17 എണ്ണം എന്ന കണക്കിൽ. ഈ 17 എണ്ണത്തിനു പകരം പുനരുപയോഗിക്കാവുന്ന 4 ബാഗുകൾ മതിയെന്ന് അവർ മനസ്സിലാക്കി. പുനഃചoക്രമണം ചെയ്യാൻ പ്രയാസമായതിനാൽ പ്ലാസ്റ്റിക് ബാഗുകൾ വളരെ കുറഞ്ഞ തോതിലേ ഇങ്ങനെ ചെയ്യാൻ കഴിയുന്നുള്ളൂ, അതിനാൽ തന്നെ പുനരുപയോഗിക്കാനും പാടാണ്. ഉൽപ്പാദിപ്പിക്കപെടുന്ന പ്ലാസ്റ്റിക്കിന്റെ വെറും 12 ശതമാനം മാത്രമാണ് പുനചoക്രമണം ചെയ്യുന്നത്,ബാക്കി 88 ശതമാനവും മനുഷ്യൻ വലിച്ചെറിയുകയാണ്, അവ മണ്ണിലും ജലാശയങ്ങളിലും നശിക്കാതെ കിടക്കുകയും ചെയ്യും.

പുനഃചoക്രമണം നടത്തപ്പെട്ട പ്ലാസ്റ്റിക്കും നശിക്കില്ല, പുനരുപയോഗമില്ലാത്തവയുടെ അതേ ഫലം തന്നെയാവും ഇവയും ഉണ്ടാക്കുക. ഖരമാലിന്യങ്ങളിൽ 18 ശതമാനം വരുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇവിടെ അടിഞ്ഞുകൂടിക്കിടക്കുകയേയുള്ളൂ. പസഫിക് മഹാസമുദ്രം ഇതിന്റെ ദുരന്തം ഏറ്റവും അധികം ഏറ്റുവാങ്ങുന്ന മേഘലയായി വിലയിരുത്തപ്പെടുന്നു. ചൈന പ്ലാസ്റ്റിക് നിരോധിച്ച് നാലുവർഷമായപ്പോഴേക്കും വൻ തോതിൽ അവിടെ ഇവയുടെ അളവ് കുറഞ്ഞു, അമേരിക്കയിലും നിരോധനമുണ്ട്. നിരോധിക്കാൻ ഇനി കൂടുതൽ കാരണങ്ങൾ വേണ്ടതില്ലല്ലോ. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കപ്പെട്ടാൽ മണ്ണും ജലസ്രോതസ്സും ഒക്കെ ശുദ്ധമാക്കപ്പെടും, ജീവന്റെ വലിയ ഭീഷണി ഇല്ലാതാവും. പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് പകരം മറ്റു മാർഗങ്ങൾ കണ്ടെത്തേണ്ടി വരും. പുനരുപയോഗ സാധ്യതയുള്ളവ നിർമ്മിക്കാൻ തീരുമാനിക്കണം. ഒരുപാട് ഗുണങ്ങൾ ഇതിലൂടെ ചാരാചാരങ്ങൾക്ക് ഉണ്ടാകുമെന്നതിൽ സംശയം വേണ്ട.

10 മുതൽ 1000 വർഷം വരെ വിഘടിച്ചു മണ്ണിൽ ചേരാത്തെ കിടക്കുന്നവയാണ്‌ പ്ലാസ്റ്റിക് കുപ്പികളും കവറുകളും. ഇതുകാരണം മണ്ണിൽ ജൈവഘടകങ്ങളുടെ ലയിച്ചുചേരൽ തടസ്സപ്പെടും, നീരോഴുക്കു തടയപ്പെടും, സൂക്ഷ്മജീവികളുടെ പ്രവർത്തനം പരിമിതപ്പെടും, ഭൂഗർഭ ജലസ്രോതസ്സുകൾ മലിനപ്പെടും, ജലജീവികളുടെ പ്രജനനം പ്രശ്നമാകും, അതിജീവനം അസാധ്യമാകും,ഇവയെ കത്തിച്ചാലോ വിഷവസ്തുക്കളാവും പുറത്തു വരുന്നത്. ശ്വാസതടസം,കാൻസർ, ഹോർമോൺ വ്യതിയാനം, അല്ലർജി, വന്ധ്യത, ജനനവൈകല്യങ്ങൾ,തുടങ്ങി എത്രയെത്ര ദൂഷ്യങ്ങൾ !! ചായ കുടിച്ചശേഷം നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഗ്ലാസ്സ് 450 വർഷത്തോളം മണ്ണിൽ നശിക്കാതെ കിടക്കുമത്രേ !!!
പ്രതിവർഷം 80 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലുകളിൽ എത്തുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.വികസ്വര രാജ്യങ്ങളിൽ ഖരമാലിന്യതിന്റെ 10 ശതമാനം പ്ലാസ്റ്റിക് ആവശിഷ്ടങ്ങളാണ്. ഇന്ത്യയിലെ പ്രതിശീർഷ പ്ലാസ്റ്റിക് ഉപയോഗം വർഷത്തിൽ 11 കിലോഗ്രാം ആണെങ്കിൽ അടുത്തവർഷം അത് 20 കിലോയാകും. നമ്മുടെ രാജ്യത്ത് 60 ശതമാനം പ്ലാസ്റ്റിക്കും പുനചo ക്രമണത്തിനു വിധേയമാക്കുന്നതായി പറയപ്പെടുന്നു. നമ്മൾ അധികം പ്ലാസ്റ്റിക്കും ഉപയോഗിക്കുന്നത് പാക്കേജിങ് ആവശ്യത്തിനാണ്, ഒറ്റത്തവണ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയപ്പെടുകയാണ്. പ്ലാസ്റ്റിക് കവറുകളുടെ കനം 50 മൈക്രോണിൽ കൂടുതലാകണം എന്ന് തുടങ്ങിയ നിയമങ്ങൾ ഇന്ത്യയിലുണ്ട്. പക്ഷെ, പലപ്പോഴും നിബന്ധനകൾ പാലിക്കപ്പെടുന്നില്ല എന്നുവേണം പറയാൻ.

ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഇത്പന്നങ്ങളുടെ നിർമാണവും വില്പനയും സൂക്ഷിപ്പും 2020 ജനുവരി ഒന്നുമുതൽ കേരളത്തിൽ നിരോധിച്ചതാണ്.300 ML ന് പുറത്തുള്ള കുപ്പികളും നിരോധിച്ചിരുന്നു. ലംഘനങ്ങൾക്ക് പിഴ ശിക്ഷയും നിലവിലുണ്ട്. കനം 50 മൈക്രോണിൽ നിന്നും 75 ലേക്ക് ഉയർത്താനും ഇപ്പോൾ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട നിരോധനഉത്തരവിൽ നിർദേശമുണ്ട്.

എന്തായാലും മണ്ണിനും ജലസ്രോതസ്സുകൾക്കും മുഴുവൻ ചരാചരങ്ങൾക്കും ദോഷമേറെ ചെയ്യുന്ന ഈ മനുഷ്യനിർമിത വസ്തു ഒഴിവാക്കപ്പെടുന്നത് എന്തുകൊണ്ടും നല്ലത് തന്നെ. നമ്മുടെ കേരളം ഇക്കാര്യത്തിൽ നടപടി നേരത്തെ തുടങ്ങി എന്നത് ശ്രദ്ധേയമായ കാര്യമാണ്. പുനരുപയോഗ സാധ്യമായ ഉത്പന്നങ്ങൾ കണ്ടുപിടിച്ചുകൊണ്ട് നമുക്ക് പകരം സംവിധാനത്തിലേക്കു കടക്കാവുന്നതേയുള്ളൂ. നൂറ്റാണ്ടുകളോളം മാലിന്യം പെരുക്കി മണ്ണിന്റെയും സമുദ്രത്തിന്റെയും ജീവികളുടെയും നിലനിൽപ്പ് അപകടത്തിലാക്കി, മാരകരോഗങ്ങൾക്കിടയാക്കുന്ന ഒരു ശാപം ഇല്ലാതാകുന്നതിൽ അതിയായി സന്തോഷിക്കാം, വരും തലമുറകൾക്ക് നൽകാവുന്ന നല്ലൊരു സമ്മാനം കൂടിയാണ് പ്ലാസ്റ്റിക് നിരോധനം, തീർച്ച.

സജീവ് മണക്കാട്ടുപുഴ,
03.10.2021.
ഫോൺ : 7306489432
mail id : msajeev2244@gmail.com

अन्तरराष्ट्रीय देश विदेश