മാധ്യമപ്രവർത്തകർ കൊലചെയ്യപ്പെടുമ്പോൾ

തങ്ങൾക്ക് എത്തിചേരാൻ കഴിയാത്ത സ്ഥലങ്ങളിലെ വാർത്തകൾ കാണാനും അറിയാനും ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് എത്തിക്കുന്നതിലായിരുന്നു ഡാനിഷ് സിദ്ധീക്കി എന്ന ഫോട്ടോ ജേർണലിസ്റ്റ് എന്നും ജാഗ്രതയോടെ പ്രവർത്തിച്ചുവന്നത്. അതിനായി എത്രതന്നെ ത്യാഗം സഹിക്കാനും അയാൾ തയ്യാറായിരുന്നു.

അതീവ ധൈര്യശാലിയായിരുന്നു അയാൾ. അതുകൊണ്ടാണ് വര്ഷങ്ങളായി ആഭ്യന്തരയുദ്ധത്തിൽ പ്രകമ്പനം കൊള്ളുന്ന അഫ്ഗാനിസ്ഥാന്റെ ഭൂമികയിലേക്ക് സൈനികർക്കൊപ്പം അയാൾ യുദ്ധകാഴ്ചകൾ ഒപ്പിയെടുക്കാൻ, ഒപ്പം ആ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കാൻ കടന്നുചെന്നതും. പക്ഷെ, ആ ആവേശകരവും, സുധീരവുമായ ഹ്രസ്വ ജീവിതം അവസാനിച്ചിരിക്കുന്നു. ഏതു തലങ്ങളിലായാലും ഏറ്റവും മികച്ച ചിത്രങ്ങൾക്കായി ദാഹിക്കുകയും, അതിനുവേണ്ടി എന്തു ത്യാഗം സാഹിക്കാൻ തയ്യാറാവുകയും ചെയ്യുന്നവനാവണം ഫോട്ടോജേർണലിസ്റ്റ് എന്ന് കാണിച്ചുതരികയായിരുന്നു അയാൾ. ചെയ്യുന്ന കർമത്തോട് നൂറുശതമാനം കൂറുപുലർത്താൻ ശ്രമിച്ച ചുറുചുറുക്കുള്ള ഒരു യുവ മാധ്യമപ്രവർത്തകൻ കൂടി കലുഷമായ .അന്തരീക്ഷത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു, അഫ്ഗാനിസ്ഥാന്റെ സംഘർഷഭരതമായ മണ്ണിൽ.

നമ്മുടെ രാജ്യത്തേക്ക് ആദ്യം പുലിറ്റ്സർ സമ്മാനം കൊണ്ടുവന്ന രണ്ട് ജേർണലിസ്റ്റുകളിൽ ഒരാൾ, ഏറ്റവും മികച്ച, ജീവൻ തുടിക്കുന്ന ഏറെ ചിത്രങ്ങൾ തന്റെ ക്യാമറയിൽ പകർത്തി ലോകശ്രദ്ധ നേടിയ യുവ ഫോട്ടോ ജേർണലിസ്റ്റ്, മാനുഷികതയ്ക്ക് ഊന്നൽ കൊടുത്ത ചിത്രങ്ങളാണ് അയാളുടെ ക്യാമറ കണ്ണുകളിലൂടെ ലോകം കണ്ടതും അനുഭവിച്ചതും.വെറും 38 വയസുവരെ മാത്രം ജീവിച്ച്, ഏർപ്പെട്ട മേഖലയിൽ ഏറെ മികച്ച സംഭാവനകൾ നൽകിയ കാശ്‍മീർ സ്വദേശിയായ കഴിവുറ്റ മാധ്യമപ്രവർത്തകൻ താലിബാൻ അക്രമകാരികളാൽ കൊല്ലപ്പെടുമ്പോൾ, കാലങ്ങളായി ആസ്വസ്ഥതയിൽ പുകയുന്ന അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെടുന്ന ജേർണലിസ്റ്റുകളുടെ എണ്ണം വർധിക്കുകയാണ്.
അഫ്ഗാനിസ്ഥാനിൽ അമേരിക്ക എന്ന ലോകപ്പൊലീസ് കടന്നുചെന്ന് സൈനിക നടപടി ആരംഭിച്ചതുമുതൽ ഇന്നുവരെ 120 ലധികം മാധ്യമപ്രവർത്തകരാണ് കൊലചെയ്യപ്പെട്ടത്. യുനെസ്കോ പുറത്തുവിട്ട കണക്കുകൾ ഇപ്രകാരം 2014 ൽ 5, 2015 ൽ 1, 2016 ൽ 16, 2017 ൽ 11, 2018 ൽ 16, 2019 ൽ 5, 2020 ൽ 6.

ഇങ്ങനെ കൊല്ലപ്പെട്ടവരിൽ ജർമനിയിൽ നിന്നുള്ള 4 പേർ, ഫ്രാൻ‌സിൽ നിന്ന് 2, സ്പെയിൻ അമേരിക്ക, സ്വീഡൻ, നോർവേ, കാനഡ, ബ്രിട്ടൻ, ഓസ്ട്രേലിയ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടെന്ന് യുനെസ്കോ വ്യക്തമാക്കുന്നു. ഇന്റർനാഷണൽ ക്രിമിനൽ കോടതി മുമ്പാകെ അഫ്ഗാൻ ജേർണലിസ്റ്റുകളുടെ കൊലപാതകങ്ങൾ സംബന്ധിച്ച് അന്വേഷണത്തിന് റിപ്പോർട്ടർമാരുടെ സംഘടന നീക്കം നടത്തിയിരുന്നു. സൈനിക സഖ്യത്തിനെതിരെ പോരാട്ടം നടത്തുന്ന താലിബാൻ ആണ് ഏതാണ്ടെല്ലാ മരണങ്ങൾക്കും കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലോകത്തൊട്ടാകെ കഴിഞ്ഞകൊല്ലം കൊലചെയ്യപ്പെട്ടത് 66 ജേർണലിസ്റ്റുകളാണെന്ന് കണക്കുകൾ കാണിക്കുന്നു. മെക്സിക്കോയിൽ 14 പേർ കൊല്ലപ്പെട്ടപ്പോൾ അഫ്ഗാനിസ്ഥാനിൽ 10 പേർ മരണപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്സ് സംഘടന പറയുന്നു. ലോകത്തൊട്ടാകെ 64 പേരെ കാണാതായി,കഴിഞ്ഞ 30 വർഷത്തിനുള്ളിൽ 2658 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായും പറയപ്പെടുന്നു. കലാപകലുഷിതമായ അഫ്ഗാൻ മണ്ണിലാണ് ഏറ്റവും അധികം മാധ്യമ പ്രവർത്തകർ ഭീഷണി നേരിടുന്നതും, ലക്ഷ്യം വക്കപ്പെടുന്നതും. മാധ്യമപ്രവർത്തനത്തിന് ഏറ്റവും ഭീഷണി ഉള്ള രാജ്യങ്ങളിൽ ആദ്യം പറയുന്നത് മെക്സിക്കോയുടെ പേരാണ്, 2016 ലെ കണക്കനുസരിച്ച് പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ 180 രാജ്യങ്ങളിൽ മെക്സിക്കോയുടെ സ്ഥാനം 149 ആണ്. 2000 വരെ ആ രാജ്യത്ത് മരണപ്പെട്ടവർ 119 ആണ്.എന്തായാലും ഒട്ടും ആശാവഹമല്ല കാര്യങ്ങൾ, പ്രത്യേകിച്ചും സംഘർഷം നിലനിൽക്കുന്ന അഫ്ഗാനിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ. ആളുകളിലേക്ക് ഏറ്റവും ആദ്യം, ഏറ്റവും വ്യക്തവും പുതുതുമായ വാർത്തകൾ, ചിത്രങ്ങൾ, ദൃശ്യങ്ങൾ എത്തിക്കാനാവും മാധ്യമപ്രവർത്തകർ ശ്രമിക്കാറ്. അതിനായി അവർ എത്രതന്നെ ത്യാഗം സാഹിക്കാനും തയ്യാറാവും. പൂർണതയ്ക്കായി ദാഹിക്കുന്നവനാണ് ഒരു നല്ല ഫോട്ടോജേർണലിസ്റ്റ്. ആ ശ്രേണിയിൽപ്പെട്ടയാളായിരുന്നു ഡാനിഷ് സിദ്ധീക്കി. സ്വതത്രമായ മാധ്യമപ്രവർത്തനം ആരോഗ്യപൂർണമായ ജനാധിപത്യത്തിന്റെ ലക്ഷണമാണ്. അത് കൂച്ചുവിലങ്ങിടപ്പെടുകയോ, ഇല്ലാതാക്കപെടുകയോ പാടില്ല.അങ്ങനെയെങ്കിൽ ശരിയായതും സത്യസന്ധമായതും പൂർണമായതുമായ വാർത്തകൾ അല്ലെങ്കിൽ ചിത്രങ്ങൾ നമ്മിലേക്കെത്തില്ല. അകാലത്തിൽ പൊലിഞ്ഞ കഴിവുറ്റ മാധ്യമപ്രവർത്തകരെ ഓർത്തുകൊണ്ട്………

കണക്കുകൾക്ക് കടപ്പാട് :യുനെസ്കോ, IPJ

സജീവ് മണക്കാട്ടുപുഴ,
17.07.2021.
ഫോൺ :7306489432.
mail id: msajeev2244@gmail. com

 

 

प्रदेश