കേരളം: എ.എസ്.ഐ സജീവ് മണക്കാട്ടുപുഴക്ക് കേരളാ സംസ്ഥാന പോലീസ് മേധാവിയുടെ ആദരവ്.

പത്തനംതിട്ട: സി ബി ഐ മൂന്നുമാസം കൂടുമ്പോൾ പുറത്തിറക്കുന്ന ബുള്ളറ്റിനിൽ പഠനാർഹമായ ലേഖനമെഴുതിയ ജില്ലാ പോലീസ് ഹെഡ് ക്വാർട്ടർ യൂണിറ്റിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജീവ് മണക്കാട്ടുപുഴയ്ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ആദരവ്. തിരുവല്ല പോലീസ് സ്റ്റേഷനിൽ 2012 ൽ റിപ്പോർട്ടായ, പതിനാലുകാരിയെ മാനഭoഗപ്പെടുത്തി ഗാർഭിണിയാക്കിയ പ്രതിയെ ഡി എൻ എ പ്രൊഫൈലിങ്ങിലൂടെ 10 വർഷം കഠിനതടവിന് ശിക്ഷിച്ച കേസിനെ പറ്റിയുള്ള പഠനമാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തപ്പെട്ടത്. ജില്ലയിൽ നിന്നും ഇത്തരത്തിലൊരു പഠനം സി ബി ഐ ബുള്ളറ്റിനിൽ അച്ചടിച്ചുവരുന്നത് ആദ്യമായാണ്. കേസിനു ആസ്പദമായ സംഭവമുണ്ടായി ഏട്ടുമാസത്തിനു ശേഷമാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ അറിയുന്നതും പോലീസിൽ പരാതിപ്പെടുന്നതും. തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയ തിരുവല്ല പോലീസ്, പെൺകുട്ടിയുടെയും,, കുഞ്ഞിന്റെയും,അയൽവാസിയായ പ്രതിയുടെയും രക്ത സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരം ഫോറെൻസിക് ലാബിൽ അയച്ച് ഡി എൻ എ പ്രൊഫൈലിങ് നടത്തിച്ചിരുന്നു.

ഡി എൻ എ പരിശോധനയിൽ കുട്ടിയുടെ പിതാവ് പ്രതി തന്നെയാണെന്ന് കണ്ടെത്തി.കേസ് കോടതിയിൽ വിചാരണ സമയം പെൺകുട്ടി പലതവണ മൊഴിമാറ്റിയിരുന്നു. നാടകീയമായ പല വഴിത്തിരിവുകളിലൂടെ കടന്നുപോയ വിചാരണക്കൊടുവിൽ കോടതി, ഡൽഹി നിർഭയ കേസ് വിധി ചൂണ്ടിക്കാട്ടി ഡി എൻ എ പരിശോധന മുഖവിലക്കെടുക്കുകയും പ്രതിയെ ശിക്ഷിക്കുകയും ചെയ്തു. മാനഭoഗ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പ്രയോജനകരമാകും വിധം ഡി എൻ എ ഫിംഗർ പ്രിന്റ്റിംഗിന്റെ അടിസ്ഥാന തത്വങ്ങളും, അവയുടെ പ്രയോഗവൽക്കരണവും പഠനത്തിൽ സജീവ് ഉൾക്കൊള്ളിച്ചിരുന്നു. ബുള്ളറ്റിന്റെ ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിക്കപ്പെട്ട പഠനം പരിഗണിച്ച ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനി IPS, സജീവിന് അർഹമായ ആദരവിന് വേണ്ടി സംസ്ഥാന പോലീസ് മേധാവിക്ക് ശിപാർശ അയക്കുകയാണുണ്ടായത്.

പഠനലേഖനം തയ്യാറാക്കുന്നതിൽ രചയിതാവ് എടുത്ത ശ്രമം അഭിനന്ദനീയമാണെന്ന് കണ്ടെത്തിയ സംസ്ഥാന പോലീസ് മേധാവി, സൽസേവനപ്പത്രവും ആയിരം രൂപ ക്യാഷ് റിവാഡും പ്രഖ്യാപിച്ച് ഉത്തരവാകുകയായിരുന്നു. കൂടാതെ, പഠനം സംസ്ഥാനത്തെ പോലീസുകാർക്ക് ഇത്തരം കേസ് അന്വേഷണത്തിൽ പ്രയോജനപ്പെടുത്താൻ അയച്ചുകൊടുക്കാനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്. എഴുത്തുകാരൻ കൂടിയായ സജീവ് ജില്ലാ പോലീസ് മീഡിയ സെല്ലിലും പ്രവർത്തിച്ചുവരികയാണ്. പോലീസിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് പ്രത്യേകം പ്രകീർത്തിക്കപ്പെടേണ്ടതാണെന്നും, ജില്ലക്കിത് അനുപമ നേട്ടമാണെന്നും, ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടു.

എൻ .എച് ആർ .എഫ് ന്യൂസ്

 

प्रदेश